ആലപ്പുഴ: 'ബലി പെരുന്നാൾ അഭയാർത്ഥികൾക്കൊപ്പം' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി ആലപ്പുഴ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ബലി പെരുന്നാൾ ദിനം അഭയാർത്ഥി ഐക്യദാർഡ്യ ദിനമായി ആചരിച്ചു. ഇസ്‌ലാമിക ജനാധിപത്യ മുന്നേറ്റങ്ങളെ ഇല്ലാതാക്കി ഇസ്‌ലാമിനെ ഭീകരതയുടെ മുഖം ചാർത്താൻ ശ്രമിക്കുന്ന ഐ.എസ്സിന്റെ പ്രവർത്തനം മൂലം അഭയാർത്ഥികൾ ആകുന്ന ജനതക്ക് എല്ലാവിധ ഐക്യദാർഡ്യവും നൽകാൻ യുവാക്കൾ മുന്നോട്ട് വരണമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ടി.എ ഫയാസ് പ്രസ്താവനയിലൂടെ പറഞ്ഞു.
സംസ്ഥാന വ്യാപകമായി നടത്തിയ ഐക്യദാർഡ്യ ദിനത്തിന്റെ ഭാഗമായി ജില്ലയിലെ ഏരിയ, യുണിറ്റ് തലങ്ങളിൽ അഭയാർത്ഥികളുടെ നിസ്സഹയാവസ്ഥ വിവരിക്കുന്ന ചിത്രങ്ങൾ അടങ്ങിയ കോളാഷ് പ്രദർശനങ്ങൾ നടന്നു.


 കോഴിക്കോട്: സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ എന്ന തലക്കെട്ടില്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ സംസ്ഥാന വ്യാപകമായി കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘ് പരിവാര്‍ രാജ്യത്തിന്റെ അധികാരം കൈയ്യാളിയതു മുതല്‍ രാജ്യത്തിന്റെ ബഹുസ്വര, ജനാധിപത്യ മതേതര മൂല്യങ്ങള്‍ കനത്ത വെല്ലുവിളികള്‍ നേരിടുകയാണ്. രാജ്യത്തെ പിന്നാക്ക, ന്യൂപനക്ഷ, ദലിത് സമൂഹങ്ങളുടെ സാംസ്‌കാരികത്തനിമകളും വൈവിധ്യങ്ങളും ചോദ്യം ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്നു. ചരിത്രകാരന്‍മാരും അക്കാഡമീഷ്യന്‍മാരുമായ നിരവധി പേര്‍ ഇതിനകം കൊലചെയ്യപ്പെട്ടു. സംഘ്പരിവാര്‍ ഉദ്ദേശിക്കുന്ന വിധത്തിലുള്ള ഏകമുഖ രാഷ്ട്ര നിര്‍മാണത്തിനു വേണ്ടി ചരിത്രത്തെ തന്നെ അപനിര്‍മിച്ചുകൊണ്ടിരിക്കുന്നു. ഭരണ, ഉദ്യോഗസ്ഥ തലങ്ങളില്‍ സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാവുന്നവരെ നിയമിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു. പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ അപരസ്ഥാനത്ത് നിര്‍ത്തുന്ന സമീപനമാണ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കടുത്ത അരക്ഷിതാവസ്ഥയിലാണ് ഇത്തരം വിഭാഗങ്ങള്‍ രാജ്യത്ത് ജീവിച്ചുകൊണ്ടിരിക്കുന്നത്. ഫാഷിസത്തിനെതിരെയുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രതിരോധങ്ങള്‍ ദുര്‍ബലമാകുന്ന കാഴ്ചയാണ് ദേശീയതലത്തില്‍ കാണുന്നത്.
കേരളത്തിലും ചുവടുറപ്പിക്കുന്നതിന് വേണ്ടി ബോധപൂര്‍വമായ നീക്കങ്ങള്‍ സംഘ് പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നു. വര്‍ഗീയ ധ്രൂവീകരണത്തിനായുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. ഫാഷിസത്തിനെതിരായ വിപുലമായ മുന്നണികള്‍ ഉയര്‍ന്നു വരേണ്ടുതുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ പ്രസക്തമല്ലാത്ത വൈവിധ്യങ്ങള്‍ സഹവര്‍ത്തിക്കുന്ന സമര മുന്നണികള്‍, ഇസ്‌ലാം ഭീതിയെ ഉപകരണമാക്കിയാണ് ഇപ്പോള്‍ ഫാഷിസം മുന്നേറിക്കൊണ്ടിരിക്കുന്നത്. അതിനോട് നിലാപാട് സ്വീകരിച്ചും അതിനെ തടഞ്ഞു നിര്‍ത്തിയും മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാനാവൂ. സൗഹൃദത്തെയും സാഹോദര്യത്തെയും പ്രതിരോധത്തിന്റെ ആയുധങ്ങളാക്കണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെടുന്നു.
ഈ സാഹചര്യത്തിലാണ് സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ എന്ന തലക്കെട്ടില്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഒരു കോടി ആളുകളിലേക്ക് കാമ്പയിന്‍ സന്ദേശം കൈമാറും. കാമ്പയിന്റെ പ്രഖ്യാപനം ജനുവരി 16ന് പാലക്കാട നടക്കും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെത്തില്‍വാദ് പ്രഖ്യാപനം നിര്‍വഹിക്കും. കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരത്തും മലപ്പുറത്തും ബഹുജന റാലികള്‍ സംഘടിപ്പിക്കും. മണ്ഡല്‍ കമ്മീഷന്‍ @25 ബഹുജന്‍ രാഷ്ട്രീയത്തിന്റെ കാല്‍ നൂറ്റാണ്ട് എന്ന തലക്കെട്ടില്‍ കോഴിക്കോട് വിവിധ ദലിത് പിന്നാക്ക ന്യൂനപക്ഷ സംഘടനകളുടെ സംഗമം, എര്‍ണാകുളത്ത് ഹിന്ദുത്വ വിരുദ്ധ പാഠശാല, ആലപ്പുഴയില്‍ സംഘ് പരിവാരിന്റെ ജാതിയും ഇന്ത്യന്‍ സാമൂഹ്യ ഘടനയും സെമിനാര്‍, തൃശൂരില്‍ മോദിക്കെതിരെ തിരസ്‌കാര സെല്‍ഫി സാംസ്‌കാരിക സംഗമം എന്നിവ നടക്കും.
പ്രാദേശികതലങ്ങളില്‍ ജനകീയ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍, യുവജന സംഗമങ്ങള്‍, ലഘുലേഖ,ബുക്ക്‌ലെറ്റ് വിതരണം, പ്രഭാഷണങ്ങള്‍, കവലയോഗങ്ങള്‍, ഫാഷിസ്റ്റു വിരുദ്ധ കൂട്ടായ്മകള്‍, ഫാഷിസ്റ്റ് വിരുദ്ധ കൊളാഷ് പ്രദര്‍ശനം, ഫിലിം പ്രദര്‍ശനം, വാഹന പ്രചാരണം എന്നിവ നടക്കും.
ജനുവരി 30ന് ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ സംഘടിപ്പിക്കും.
കാമ്പയിന്റെ വിവിധ പരിപാടികളിലായി ടീസ്റ്റ സെത്തില്‍ വാദ്, പ്രഫ. കാഞ്ച എലയ്യ, സച്ചിദാനന്ദന്‍, പ്രവര്‍ത്തക വിദ്യ ദിനകര്‍(മാംഗലൂര്‍), റൂത്ത് മനോരമ(ബാംഗ്ലൂര്‍) തുടങ്ങിയ പ്രമുഖ മനുഷ്യാവകാശ, സമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

More

Whats Hot